Friday, July 2, 2010

ഇടതുഭരണത്തിലെ ഇരട്ടത്താപ്പ്‌

വ്യവസായ സെക്രട്ടറി കൊക്കക്കോള കമ്പനിയുടെ വക്താവായി വ്യവസായമന്ത്രിയുടെ സാന്നിധ്യത്തില്‍ ആ കമ്പനിയെ ന്യായീകരിച്ച്‌ വിവാദം സൃഷ്ടിച്ചശേഷം ഇപ്പോള്‍ അവരില്‍നിന്ന്‌ നഷ്ടം ഈടാക്കാന്‍ ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന ജയകുമാര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്‌.






കൊക്കക്കോള കമ്പനിയുടെ പ്ലാച്ചിമടയിലെ പ്രവര്‍ത്തനം മൂലമുണ്ടായ നഷ്ടത്തിന്റെ തോതും സ്വഭാവവും പഠിച്ച്‌ കമ്പനിയുണ്ടാക്കിയ നഷ്ടം കമ്പനിയില്‍ നിന്നുതന്നെ ഈടാക്കാനാണ്‌ ട്രിബ്യൂണല്‍ രൂപീകരിക്കുന്നത്‌. ഇതു സംബന്ധിച്ച്‌ നിയമനിര്‍മാണം നടത്താന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്‌.






കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ ആരോഗ്യ പാരിസ്ഥിതികപ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്നും കൃഷി പരിസ്ഥിതി, തൊഴില്‍രംഗത്ത്‌ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായും തത്ഫലമായി പ്രദേശവാസികള്‍ക്ക്‌ 216.6 കോടിയുടെ നാശനഷ്ടവും 4.36 ലക്ഷം തൊഴില്‍ദിന നഷ്ടവും നേരിട്ടതായാണ്‌ ഉന്നതാധികാരസമിതി കണ്ടെത്തിയിരിക്കുന്നത്‌. പ്രദേശവാസികള്‍ പലവിധ രോഗങ്ങളുടെ ഇരകളാകുകയും നവജാത ശിശുക്കള്‍ക്കുപോലും ഭാരക്കുറവ്‌ കണ്ടതായും സമിതി കണ്ടെത്തി.






കൊക്കക്കോള കമ്പനിക്ക്‌ അഞ്ചുലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാനാണ്‌ അനുമതി നല്‍കിയിരുന്നതെങ്കിലും 50 ലക്ഷം ലിറ്റര്‍ കുപ്പിവെള്ളമായി വിതരണം ചെയ്ത്‌ കമ്പനി ലാഭം കൊയ്തപ്പോള്‍ തദ്ദേശവാസികള്‍ കഠിനമായ ജലദൗര്‍ലഭ്യം അനുഭവിക്കേണ്ടിവന്നു. വളമെന്ന പേരില്‍ വിറ്റതില്‍ രാസമാലിന്യം കലര്‍ന്നിരുന്നതായും കമ്പനി വിറ്റിരുന്ന കോളയില്‍ പോലും രാസവസ്തു സാന്നിധ്യം ഉണ്ടായിരുന്നതായും ആരോപണമുണ്ട്‌. അമേരിക്കയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാണിക്കുന്ന അനാസ്ഥയുടെ സാക്ഷിപത്രമാണ്‌ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ്‌ ദുരന്തം. കേരളത്തിലും കൊക്കക്കോള കമ്പനി ഇത്ര ചൂഷണ മനോഭാവമാണ്‌ പ്രകടിപ്പിച്ചിരുന്നത്‌.






കമ്പനി വരുത്തിവച്ചിരിക്കുന്ന പാരിസ്ഥിതിക ആരോഗ്യനാശത്തിന്റെയും ജലശോഷണത്തിന്റെയും നഷ്ടം 216 കോടിയില്‍ ചുരുക്കാവുന്നതല്ല. കൊക്കക്കോളക്കെതിരെ നടപടി വന്നാല്‍ വ്യവസായ വിരുദ്ധമാണ്‌ കേരളം എന്ന പ്രതിഛായ പടരുമെന്ന വ്യവസായവകുപ്പിന്റെ തടസവാദത്തെ തള്ളിയാണ്‌ ജയകുമാര്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ അംഗീകരിച്ചിരിക്കുന്നത്‌.

1 comment:

[[::ധനകൃതി::]] said...

അമേരിക്കയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാണിക്കുന്ന അനാസ്ഥയുടെ സാക്ഷിപത്രമാണ്‌ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ്‌ ദുരന്തം. കേരളത്തിലും കൊക്കക്കോള കമ്പനി ഇത്ര ചൂഷണ മനോഭാവമാണ്‌ പ്രകടിപ്പിച്ചിരുന്നത്‌