Thursday, June 17, 2010

ഇങ്ങനെയും ഒരു ഭരണം

വി.എസ്‌. അച്യുതാനന്ദന്റെ നേതൃത്വത്തിലൂള്ള ഇടതുമുന്നണി ഭരണം ഇന്ന്‌ നാലുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്‌. ഈ ഭരണം നാളെ അഞ്ചാംവര്‍ഷത്തിലേക്ക്‌ കടക്കുമ്പോള്‍ അഭിമാനിക്കാവുന്ന നേട്ടങ്ങളെന്ത്‌ എന്നാരും ചിന്തിക്കും. അതിന്‌ ഉത്തരം തേടുമ്പോഴാണ്‌ അത്ഭുതപ്പെട്ടുപോവുക. പത്തിരുപത്‌ മന്ത്രിമാര്‍ നാലുവര്‍ഷക്കാലം കൊടിവച്ച കാറില്‍ റോന്ത്ചുറ്റി. ഇതിനായി ആഡംബരകാറുകള്‍ പലതവണ മാറ്റി. ലക്ഷങ്ങള്‍ മുടക്കി വീടുകള്‍ മോടികൂട്ടി.

വായില്‍ക്കൊള്ളാത്ത പ്രഖ്യാപനങ്ങള്‍ നടത്തി. പറഞ്ഞകാര്യങ്ങള്‍ ആവര്‍ത്തിച്ചതല്ലാതെ ഒന്നുപോലും പ്രവര്‍ത്തിയിലെത്തിച്ചില്ല. മുഖ്യമന്ത്രിക്ക്‌ സ്വന്തം പാര്‍ട്ടിയെ വിശ്വാസമില്ല. പാര്‍ട്ടിക്കാണെങ്കില്‍ മുഖ്യമന്ത്രിയേയും വിശ്വാസമില്ല. പ്രൈവറ്റ്‌ സെക്രട്ടറിയേയും പൊളിറ്റിക്കല്‍ സെക്രട്ടറിയെയും നിശ്ചയിക്കാന്‍ പോലും മുഖ്യമന്ത്രിക്കവകാശമില്ല. മാത്രമല്ല പറ്റില്ലെന്ന്‌ പറഞ്ഞയാളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടിച്ചേല്‍പ്പിക്കാനും പാര്‍ട്ടിക്ക്‌ മടിയില്ല.

ഒരു സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്‌ മന്ത്രിമാരും മുഖ്യമന്ത്രിയും ഒറ്റമനസ്സോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. എന്നാല്‍ ഇന്ന്‌ സ്ഥിതി നേരെ മറിച്ചാണ്‌.

കൂട്ടുത്തരവാദിത്തം ഇല്ലാതായി. മുഖ്യമന്ത്രിയുടെ വകുപ്പില്‍പ്പോലും അഴിമതി നടമാടുകയാണെന്ന്‌ ഒരുമന്ത്രി തുറന്നടിച്ചിട്ടും പോറലേല്‍ക്കാതെ ആ മന്ത്രി വിലസുന്നു. കൈപ്രയോഗവും കോഴപ്രശ്നവുമെല്ലാം പുറത്തുവരുന്നത്‌ മുന്നണിയെ തള്ളിപ്പറയുമ്പോഴാണ്‌. മുന്നണിയോടൊട്ടി നിന്നാല്‍ അതെല്ലാം നല്ലകാര്യമെന്ന്‌ വിലയിരുത്തുന്നു. ഈ രീതിയിലൊരു ഭരണശൈലി ഇടതുമുന്നണിക്കല്ലാതെ കാഴ്ചവയ്ക്കാനാകുമോ?

മണ്ണ്‌ മാഫിയ, മണല്‍ മാഫിയ, വനം മാഫിയ, ചന്ദനമാഫിയ, പെണ്‍ണ്മാഫിയ, മദ്യമാഫിയ തുടങ്ങിയ മാരണങ്ങള്‍ക്ക്‌ കൈപ്പൂട്ടൊരുക്കുമെന്ന്‌ വീമ്പടിച്ച മുന്നണിയാണിത്‌. ഭരണത്തിലെത്തിയപ്പോള്‍ മട്ടുമാറി. കൊള്ളരുതായ്മകളുടെ കൂട്ടുകാരായി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രി മൂക്കുകുത്തി വീഴുന്ന കാഴ്ചയാണുണ്ടായത്‌. എലികളെ പിടിക്കാന്‍ കെട്ടിയിറക്കിയ മൂന്ന്‌ പൂച്ചകളെ കെട്ടുകെട്ടിച്ചതെങ്ങോട്ടാണെന്നുപോലും അറിയില്ല. ടാറ്റ കയ്യേറിയ അരലക്ഷത്തിലധികം ഏക്കര്‍ ഭൂമി പിടിച്ചെടുക്കുമെന്ന്‌ പ്രഖ്യാപിച്ചവരുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.

അരിക്കും മറ്റ്‌ ഭക്ഷ്യവസ്തുക്കള്‍ക്കും വിലകൂടിയപ്പോള്‍ മലയാളി ആഹാരശീലം മാറ്റണമെന്ന്‌ ഉപദേശിച്ച ഭക്ഷ്യമന്ത്രിയാണ്‌ കേരളത്തിനുള്ളത്‌. പാലും മുട്ടയും ഒരു കോഴിയും പോരെ മലയാളിക്കെന്ന്‌ ചോദിച്ച മന്ത്രി ആ സ്ഥാനത്ത്‌ തുടരുന്നെങ്കില്‍ മലയാളിയുടെ ക്ഷമയാണ്‌ അളക്കപ്പെട്ടിട്ടുള്ളത്‌. കൂട്ട ആത്മഹത്യകളും ലോക്കപ്പ്‌ മരണങ്ങളും മുമ്പൊരുകാലത്തുമില്ലാത്ത വിധമായി. കസ്റ്റഡിമരണങ്ങള്‍ നാണക്കേടുണ്ടാക്കി എന്ന്‌ ആഭ്യന്തരമന്ത്രി തന്നെ സമ്മതിക്കുന്നു.

ഇങ്ങനെയും ഒരു സര്‍ക്കാര്‍ കേരളം ഭരിക്കുന്നെങ്കില്‍ അതിനുത്തരനല്‍കേണ്ടവര്‍ ഇടതുമുന്നണി മാത്രമല്ല; പ്രതിപക്ഷവും കൂടിയാണ്‌. ഭരണം നന്നാക്കാന്�....�� പ്രതിപക്ഷമാണ്‌ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടത്‌. തമ്മിലടിയും തൊഴുത്തില്‍ക്കുത്തും അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ ഭരണക്കാരെ നിലനിര്‍ത്താനുള്ള തന്ത്രവും മന്ത്രവും പ്രയോഗിക്കാന്‍ കഴിയില്ലെന്നാണ്‌ പ്രതിപക്ഷവും തെളിയിച്ചത്‌. അച്യുതമേനോന്‍ കേരളം കണ്ട നല്ല ഭരണാധികാരി എന്നാണ്‌ പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്‌. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ്‌ മേനോന്‍ മുഖ്യമന്ത്രിയായിരുന്നത്‌. അന്നത്തെ പ്രതിപക്ഷം നിരന്തരം വിളിച്ച മുദ്രാവാക്യം 'ഇതുപോലൊരു നാറിയ ഭരണം കേരളമിതുവരെ കണ്ടിട്ടില്ല; ഇതുപോലൊരു നാറിയ മുഖ്യനെ കേരളമിതുവരെ കണ്ടിട്ടില്ല' എന്നാണ്‌. ആ മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ ചേരുന്നത്‌ ഇന്നാണ്‌. പക്ഷേ പന്തംകണ്ട പെരുച്ചാഴിയെപ്പോലുള്ള പ്രതിപക്ഷത്തെയാണ്‌ കഴിഞ്ഞ നാലുവര്‍ഷവും കാണാനായത്‌. ഇടതും വലതും ചേര്‍ന്ന്‌ കേരളീയരുടെ സ്വപ്നങ്ങളെയും സാധ്യതകളെയും തല്ലിക്കെടുത്തി എന്നതാണ്‌ തിരിഞ്ഞുനോക്കുമ്പോള്‍ കാണാനാവുക.

2 comments:

ശ്രീ said...

നല്ല ലേഖനം

[[::ധനകൃതി::]] said...

]]::ശ്രീ::[[
തൊടുകുറിയാല്‍ വിളങ്ങും മുഖവും
ചിരിതൂകിയ
മുഖകഴകിന്‍ ശ്രീയില്‍;ശ്രീകൂട്ടും
നാമമേഴകില്‍ ജ്വലിക്കുന്നു;ശ്രീകൂട്ടും
നാമമേഴകില്‍ ജ്വലിക്കുന്നു.....
കൃതികളില്‍ കൃതാധനായ് ധനകൃതി