Wednesday, January 16, 2013

നൃത്തം പഠിക്കാന്‍ പോയതിന് പള്ളിക്കമ്മിറ്റിയില്‍നിന്ന്



'നൃത്തം പഠിക്കാന്‍ പോയതിന് പള്ളിക്കമ്മിറ്റിയില്‍നിന്ന് എന്നെയും എന്റെ വീട്ടുകാരെയും പുറത്താക്കിയവരല്ല ഇന്നെനിക്ക് ചുറ്റിലും. കേരളം മാറിയിരിക്കുന്നു. കലോത്സവം മാറ്റിയിരിക്കുന്നു കേരളത്തെ.......' ഭരതനാട്യ വേദിക്കരികില്‍നിന്ന് വെല്ലൂര്‍ ഖത്തീബ് വീട്ടില്‍ ഖദീജ ഇത് പറയുമ്പോള്‍ ആ കണ്ണുകളില്‍ തിരകളൊഴിഞ്ഞ കടലിന്റെ ശാന്തതയാണ്. കേരള കലാമണ്ഡലത്തില്‍ ആദ്യമായി ചിലങ്കയണിഞ്ഞ ഒരു മുസ്‌ലിം വനിതയ്ക്ക് ഒഴിവാക്കാന്‍ സാധിക്കുന്നതല്ലല്ലോ സ്വന്തം നാട്ടിലെത്തിയ ഈ കലാമഹോത്സവത്തെ തിരൂര്‍ വെന്നിയൂരിലെ വീട്ടില്‍നിന്ന് മരുമക്കള്‍ക്കൊപ്പം കലോത്സവം കാണാന്‍ എത്തിയതാണ് 62 വയസ്സുള്ള ഖദീജ. വീട്ടുകാരുടെയും നാട്ടുകാരുടെയും പരിപൂര്‍ണ പിന്തുണയുമായി പെണ്‍കുട്ടികള്‍ വേദിയില്‍ ചുവടുവെക്കുമ്പോള്‍ കനല്‍ച്ചൂടുള്ള ഓര്‍മകള്‍ 54 വര്‍ഷം പിറകോട്ടോടുകയാണ്. കലാമണ്ഡലത്തിലെ പഴയ നാളുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഖദീജയ്ക്ക് പറയുവാനേറെ... 'അന്ന് പെണ്‍കുട്ടികള്‍ക്ക് ഒന്നും എളുപ്പമായിരുന്നില്ല, പഠിപ്പുപോലും. പിന്നെയല്ലെ എന്നെപ്പോലൊരു മുസ്‌ലിം പെണ്‍കുട്ടിയുടെ നൃത്തപഠനം... ഖദീജയുടെ വാക്കുകളില്‍ അന്നത്തെ അതേ മനോവീര്യം. 

1959-ലാണ് ചെറുതുരുത്തിക്കാരിയായിരുന്ന ഖദീജ കലാമണ്ഡലത്തില്‍ ചേര്‍ന്നത്. 700 പേരിലെ ഏക മുസ്‌ലിം സാന്നിധ്യമായി അപേക്ഷിച്ച ദിനംതന്നെ യാഥാസ്ഥിതിക വാദികളെ ഖദീജ കുലുക്കി. പിന്നീട് കലാമണ്ഡലത്തിലേക്ക് മഹാകവി വള്ളത്തോള്‍ തിരഞ്ഞെടുത്ത ഏഴുപേരില്‍ ഒരുവളായപ്പോള്‍ നൃത്ത പഠനത്തോടൊപ്പം വിവാദങ്ങളെ നേരിടാനും ഖദീജ പഠിച്ചുതുടങ്ങി. സഹപാഠികളായുണ്ടായിരുന്ന കലാമണ്ഡലം ക്ഷേമാവതിയുടെയും സരസ്വതിയുടെയും പിന്തുണയും ഹൈദരാലിയുടെ ധൈര്യവും എതിര്‍പ്പുകള്‍ക്കിടയിലും നൃത്തപഠനം തുടരാന്‍ ഖദീജയ്ക്ക് ഊര്‍ജമേകി. 
കലാമണ്ഡലം ഖദീജ (പഴയ ചിത്രം)
എന്നിരുന്നാലും മഹല്ല് കമ്മിറ്റികളുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് സഹോദരി നബീസയുടെ വിവാഹം നാട്ടില്‍ നടത്താന്‍ കഴിയാതെ പോയത് ഖദീജയെ നൊമ്പരപ്പെടുത്തി. വിലക്ക് മറികടന്ന് കല്യാണം രഹസ്യമായി നടത്തേണ്ടിയും വന്നു. കുടുംബത്തില്‍ ആര് മരിച്ചാലും പള്ളിയില്‍ ഖബറടക്കില്ലെന്ന എതിര്‍പ്പിലും ഖദീജ പതറാതെനിന്നത് നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശംകൊണ്ട് മാത്രമായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ വന്നിരുന്നെങ്കിലും പോകാതെ സമുദായത്തിലെ പെണ്‍കുട്ടികളെ നൃത്തം പഠിപ്പിക്കുന്നത് ദൗത്യമായെടുത്തു. മുമ്പ് തളര്‍ത്താന്‍ ശ്രമിച്ചവരുടെ മക്കളും ബന്ധുക്കളുംഖദീജയുടെ അടുത്തുതന്നെ ഒടുവില്‍ നൃത്തം പഠിക്കാന്‍ എത്തി. നൃത്തത്തിലെ വിപ്ലവകാരിയെത്തേടി തീരൂരുകാരനായ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ വി.കെ. ഹംസ ആയിടയ്‌ക്കെത്തി. ഖദീജയെ വിവാഹം ചെയ്താല്‍ സമുദായത്തില്‍നിന്ന് പുറത്താക്കുമെന്നുപറഞ്ഞ് ഹംസയ്ക്കും കിട്ടി കത്തുകള്‍. എന്നാല്‍ അദ്ദേഹം പിന്മാറിയില്ല. 

ഇപ്പോള്‍, സ്വന്തം നാട്ടില്‍ കലോത്സവങ്ങളുടെ കലോത്സവം എത്തിയപ്പോല്‍ കാണാതിരിക്കാന്‍ ഖദീജയ്ക്കായില്ല. തന്നെപ്പോലുള്ളവരുടെ യാത്ര സുഗമമാക്കിയ ആ മഹാ കലാകാരിയെ കാണാന്‍ തിരുവനന്തപുരത്തുനിന്നുള്ള ഭരതനാട്യം മത്സരാര്‍ഥി സുല്‍ത്താന നജീബും എത്തി. ഒടുവില്‍ മടങ്ങുമ്പോള്‍ ഖദീജ ഒരു സ്വകാര്യം അറിയിച്ചു. 'എന്റെ വീട്ടുമുറ്റത്തെ കുട്ടികള്‍ക്ക് നൃത്തം പഠിക്കാന്‍ ഒരു കലാക്ഷേത്രം താമസിയാതെ ഒരുങ്ങും'. 


കടപ്പാട് മാതൃഭൂമി ....

3 comments:

[[::ധനകൃതി::]] said...

നിങ്ങളുടെ വരികള്‍ ഇവിടെ കുറിക്കൂ‍ൂ‍ൂ......

[[::ധനകൃതി::]] said...

'നൃത്തം പഠിക്കാന്‍ പോയതിന് പള്ളിക്കമ്മിറ്റിയില്‍നിന്ന് എന്നെയും എന്റെ വീട്ടുകാരെയും പുറത്താക്കിയവരല്ല ഇന്നെനിക്ക് ചുറ്റിലും. കേരളം മാറിയിരിക്കുന്നു. കലോത്സവം മാറ്റിയിരിക്കുന്നു കേരളത്തെ.......' ഭരതനാട്യ വേദിക്കരികില്‍നിന്ന് വെല്ലൂര്‍ ഖത്തീബ് വീട്ടില്‍ ഖദീജ ഇത് പറയുമ്പോള്‍ ആ കണ്ണുകളില്‍ തിരകളൊഴിഞ്ഞ കടലിന്റെ ശാന്തതയാണ്. കേരള കലാമണ്ഡലത്തില്‍ ആദ്യമായി ചിലങ്കയണിഞ്ഞ ഒരു മുസ്‌ലിം വനിതയ്ക്ക് ഒഴിവാക്കാന്‍ സാധിക്കുന്നതല്ലല്ലോ സ്വന്തം നാട്ടിലെത്തിയ ഈ കലാമഹോത്സവത്തെ.

തിരൂര്‍ വെന്നിയൂരിലെ വീട്ടില്‍നിന്ന് മരുമക്കള്‍ക്കൊപ്പം കലോത്സവം കാണാന്‍ എത്തിയതാണ് 62 വയസ്സുള്ള ഖദീജ. വീട്ടുകാരുടെയും നാട്ടുകാരുടെയും പരിപൂര്‍ണ പിന്തുണയുമായി പെണ്‍കുട്ടികള്‍ വേദിയില്‍ ചുവടുവെക്കുമ്പോള്‍ കനല്‍ച്ചൂടുള്ള ഓര്‍മകള്‍ 54 വര്‍ഷം പിറകോട്ടോടുകയാണ്. കലാമണ്ഡലത്തിലെ പഴയ നാളുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഖദീജയ്ക്ക് പറയുവാനേറെ...

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

പ്രതീക്ഷയുടെ ചില വെള്ളി വെളിച്ചങ്ങള്‍ .....