Saturday, October 22, 2011

താന്‍ ദുര്‍ബലനായ പ്രധാനമന്ത്രിയാണ്‌-മന്‍മോഹന്‍?

മന്‍മോഹന്‍ ദുര്‍ബലനായ പ്രധാനമന്ത്രി തന്നെ: അദ്വാനി

മന്‍മോഹന്‍സിംഗ്‌ രാജ്യംകണ്ട ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ അവയവങ്ങളോരോന്നും നിഷ്ക്രിയമാവുകയാണെന്നും ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി അഭിപ്രായപ്പെട്ടു. തനിക്കെതിരെ കഠിനമായ പദപ്രയോഗങ്ങള്‍ ബിജെപി നേതാക്കള്‍ നടത്തരുതെന്ന്‌ പ്രധാനമന്ത്രി രണ്ടുദിവസം മുമ്പ്‌ ആവശ്യപ്പെട്ടിരുന്നു. “തങ്ങള്‍ കഠിനമായ പദങ്ങള്‍ പ്രയോഗിക്കരുതെന്ന്‌ പ്രധാനമന്ത്രി ആവശ്യപ്പെടുന്നു. ഞാന്‍ ഏത്‌ വാക്കാണ്‌ ഉപയോഗിച്ചത്‌? മന്‍മോഹന്‍സിംഗാണ്‌ ഇന്ത്യകണ്ട ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രി എന്നാണ്‌ ഞാന്‍ പറഞ്ഞത്‌. ഇതൊരു രാഷ്ട്രീയമായ അഭിപ്രായമാണ്‌. എവിടെയാണ്‌ കഠിനപദങ്ങള്‍ ഉപയോഗിച്ചതെന്ന്‌ മനസ്സിലാവുന്നില്ല, ഒരു വാര്‍ത്താ സമ്മേളനത്തില്‍ അദ്വാനി ചോദിച്ചു”. താന്‍ ദുര്‍ബലനായ പ്രധാനമന്ത്രിയാണ്‌ എന്ന്‌ പരാമര്‍ശമാണ്‌ അദ്ദേഹത്തെ വേദനിപ്പിക്കുന്നത്‌. യഥാര്‍ത്ഥ്യം പറയുന്നത്‌ തെറ്റാണെങ്കില്‍ ഞാന്‍ കുറ്റസമ്മതം നടത്താന്‍ തയ്യാറാണ്‌.
എന്നാല്‍ ഞാനല്ല സുപ്രീംകോടതിയാണ്‌ മന്‍മോഹന്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ 2ജി കുംഭകോണവും അതുമൂലം പൊതുഖജനാവിനുണ്ടായ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടവും ഒഴിവാക്കാമായിരുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയത്‌, അദ്വാനി പറഞ്ഞു.

ഓരോ ദിവസം കഴിയുന്തോറും മന്‍മോഹന്‍സിംഗ്‌ പേരിനുമാത്രം നയിക്കുകയും സോണിയ നിയന്ത്രിക്കുകയും ചെയ്യുന്ന യുപിഎ സര്‍ക്കാര്‍ ഓരോ ഭാഗങ്ങളായി നശിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. അഴിമതിക്കുറ്റം ആരോപിക്കപ്പെട്ട പല മുന്‍ മന്ത്രിമാരും തിഹാര്‍ ജയിലിലാണ്‌. മറ്റ്‌ പലരും ജയിലില്‍ പ്രവേശിക്കാന്‍ നിരനിരയായി നില്‍ക്കുന്നു. പ്രധാനമന്ത്രിയുടെ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍പോലും പരസ്യമായി വിമര്‍ശനങ്ങള്‍ നടത്തുന്നു, അദ്വാനി ചൂണ്ടിക്കാട്ടി. ഭരണകക്ഷിയിലെ ഏറ്റവും ശക്തനായ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനകളെ നിത്യേന മറ്റ്‌ നേതാക്കള്‍ എതിര്‍ക്കുകയാണ്‌. ഇത്തരം ഒരവസ്ഥ ഒരു രോഗിയിലാണെങ്കില്‍ ഒന്നില്‍ക്കൂടുതല്‍ അവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നാണ്‌ പറയുക, അദ്വാനി പറഞ്ഞു.


No comments: