Saturday, August 11, 2012

അത്തിപ്പഴം പഴുക്കുമ്പോള്‍ സിപിഎമ്മിന്റെ വായില്‍ പുണ്ണ്‌....


കേരളത്തില്‍ ഏറ്റവും വലിയ പാര്‍ട്ടിയാണ്‌ സിപിഎം എന്ന്‌ പ്രതിയോഗികള്‍ പോലും പറയും. ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളുള്ള പാര്‍ട്ടി, പഞ്ചായത്തുകളില്‍ നേരിയ ഇടിവുവന്നെങ്കിലും സഹകരണസ്ഥാപനങ്ങളും നഗരസഭാകളുമെല്ലാം അടക്കിവാഴുന്നതാരെന്ന്‌ ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ള. ആളുണ്ട്‌. അര്‍ത്ഥവുമുണ്ട്‌. പറഞ്ഞിട്ടെന്ത്‌ ഫലം ആരോഗ്യമുള്ള നേതൃത്വമില്ലാത്തത്‌ ദുരന്തമായി മാറുന്നു. അത്‌ പാര്‍ട്ടിയുടെ രോഗമായി തീരുന്ന ദുരവസ്ഥ. ഇപ്പോള്‍തന്നെ നോക്കുക, കേരള രാഷ്ട്രീയം കലങ്ങിമറിയുന്നതിന്റെ ലക്ഷണം കണ്ടുകൊണ്ടിരിക്കുന്നു. ഒന്നു കയ്യിട്ടുനോക്കിയാല്‍ കാമ്പുള്ളതെന്തെങ്കിലും തടയുന്നകാലം. ആഞ്ഞുപിടിച്ചാല്‍ ഭരണം തന്നെ ഉള്ളംകയ്യില്‍ അമരുന്ന സന്ദര്‍ഭം. അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക്‌ വായില്‍ പുണ്ണ്‌ എന്നുപറഞ്ഞതു പോലെയാണ്‌ സിപിഎമ്മിന്റെ കാര്യം. കഴിവുള്ള നേതാക്കള്‍ക്ക്‌ കടുത്ത നടുവേദനയും കൈകാല്‍ കഴപ്പും. പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജനും വി.എസ്‌.അച്യുതാനന്ദനുമെല്ലാം ചികിത്സയിലാണ്‌. പി.ശശി വിദ്യാര്‍ത്ഥി യുവജനനേതാവുമായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ 5 വര്‍ഷം ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി. പിന്നെ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാസെക്രട്ടറി. കണ്ണൂര്‍ ജില്ല എന്നു പറഞ്ഞാല്‍ സിപിഎമ്മിന്‌ ഏറ്റവും കൂടുതല്‍ ശക്തിയുള്ള ജില്ല. പോലീസ്‌ സ്റ്റേഷനകത്ത്‌ പോലും സഖാക്കള്‍ക്ക്‌ ബോംബുണ്ടാക്കാന്‍ കഴിയുന്ന പ്രദേശം. അവിടെ സെക്രട്ടറി എന്നുപറഞ്ഞാല്‍ ഒന്നല്ല ഒന്നൊന്നര സെക്രട്ടറിയാണ്‌. ശശിക്ക്‌ ഞരമ്പസുഖമുണ്ടെന്ന്‌ ബോധ്യമായത്‌ പാര്‍ട്ടിയില്‍ നിന്നുതന്നെ പരാതി ഉയര്‍ന്നപ്പോഴായിരുന്നല്ലൊ. പാര്‍ട്ടിതന്നെ കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ ചികിത്സാ സൗകര്യമൊരുക്കി. ആരോഗ്യശ്രീമാനായി ശശി തിരിച്ചെത്തിയെങ്കിലും പാര്‍ട്ടിയിലെ പണി തെറിച്ചു പോയി.

ശശിയുടെ പിന്‍ഗാമിയായി ജില്ലാസെക്രട്ടറിയായി സ്ഥാനാരോഹണം നടത്തിയ പി.ജയരാജന്‌ പി.ജെ.ജോസഫിനെ പോലെ ഒരു കൈ പൊക്കാന്‍ വയ്യാത്ത ശീലക്കേടുണ്ടെന്നല്ലാതെ കേള്‍വിക്കുറവുള്ളതായി കേട്ടുകേള്‍വി പോലുമില്ല. സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ പാര്‍ട്ടിയില്‍ കുശുകുശുക്കുന്നതു പോലും കേള്‍ക്കാന്‍ ജയരാജന്‌ കഴിയുമായിരുന്നു. ‘കസ്തൂരി ചുമക്കുന്ന കഴുത’ എന്ന പ്രയോഗം വന്നതു തന്നെ അങ്ങനെയാണല്ലോ. ഇതൊക്കെ അറിയപ്പെടുന്ന നേതാക്കള്‍. അറിയപ്പെടാത്തതും രോഗം പുറത്തറിയിക്കാന്‍ മടിയുള്ളവരും നിരവധി. പല നേതാക്കളുടെയും രോഗം പിടികിട്ടണമെങ്കില്‍ കേസില്‍ പ്രതിയാകണം. അതല്ലെങ്കില്‍ പാര്‍ട്ടിയില്‍ പരാതി ഉയരണം. എത്രയെത്ര നേതാക്കള്‍ക്ക്‌ എന്തെല്ലാം ഗുരുതരമായ രോഗങ്ങള്‍.

സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടിസെക്രട്ടറി എന്ന നിലയില്‍ സഭയ്ക്കകത്തും പുറത്തും മാര്‍ജാര സഞ്ചാരം പോലുള്ള സംഗതി പോലും കേട്ടറിയാനും കണ്ടറിയാനും കഴിഞ്ഞ സമര്‍ഥനായ നിയമസഭാംഗം ജയരാജന്‌ കേള്‍വിക്കുറവെന്ന രോഗമുണ്ടെന്ന്‌ ഉറ്റവര്‍ പോലും തിരിച്ചറിഞ്ഞിരുന്നില്ല. ദാ ആ ജയരാജനും ഇപ്പോള്‍ ഒരു ചെവിക്ക്‌ 75 ശതമാനം കേള്‍വിക്കുറവാണത്രെ. കണ്ണൂര്‍ ജയിലില്‍ നിന്നും സ്വന്തം കാറില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തും വരെ മറ്റാരും, ജയരാജന്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത പ്രശ്നം.

ഒരു ജയരാജന്റെ കാര്യം മാത്രമല്ല നമ്മുടെ “വണ്‍, ടു, ത്രീ” മണിക്കും ആരോഗ്യപ്രശ്നം. മണിക്കു പകരം ഇടുക്കി ജില്ലയുടെ അമരത്തിലെത്തിയ കെ.കെ.ജയച്ചന്ദ്രന്‌ അതിനെക്കാള്‍ ആരോഗ്യപ്രശ്നം. എറണാകുളത്തെ ഗോപി കോട്ടമുറിക്കലിന്‌ പാര്‍ട്ടി വൈദ്യന്മാര്‍ തന്നെയാണ്‌ ആരോഗ്യ വിഷയം കണ്ടു പിടിച്ചത്‌.

ടി.പി വധക്കേസിലെ ഒട്ടുമിക്ക പ്രതികള്‍ക്കും പലവിധ രോഗങ്ങളാണ്‌. ഹൃദയശൂന്യരായതിനാല്‍ ആര്‍ക്കും കോടതിയിലെത്തും വരെ ഹൃദ്രോഗം പിടികൂടിയിട്ടില്ല. പോലീസിനെ കണ്ടപ്പോഴാണ്‌ ഒരാള്‍ക്ക്‌ ഹൃദയം മിടിച്ചത്‌. കയ്യോടെ ആന്‍ജിയോ പ്ലാസ്റ്റി നടത്തി തടി കൈച്ചലാക്കി. പാവപ്പെട്ടവന്‌ രോഗം വന്നാല്‍ കേള്‍പ്പോരുമില്ല, കേള്‍വിക്കാരുമില്ല. സിപിഎം പാവപ്പെട്ട പാര്‍ട്ടിയല്ല. നേതാക്കളും അങ്ങനെയല്ലാതായിരിക്കുന്നു.

കുത്തകള്‍ക്കെതിരെ പ്രസംഗിക്കാന്‍ സഖാക്കള്‍ മിടുക്കരാണ്‌. അതുപോലെ തന്നെയാണ്‌ സംഭാവന വാങ്ങുന്ന കാര്യത്തിലെന്നും കണക്കുകള്‍ തെളിയിക്കുന്നു. എന്നും കുത്തകള്‍ക്കും വന്‍കിടക്കാര്‍ക്കുമെതിരെ പരസ്യമായി വാളോങ്ങുന്ന സിപിഎം പിന്നാമ്പുറത്തിലൂടെ കാര്യം നടത്തുന്നതില്‍ അതിസമര്‍ഥരുമാണ്‌.
രാജ്യത്ത്‌ വിവിധ പാര്‍ട്ടികളുടെ സ്വത്ത്‌ വിവരം സംബന്ധിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളിലാണ്‌ സിപിഎം മറ്റ്‌ പാര്‍ട്ടികള്‍ക്കൊപ്പം കാര്യമായി സംഭാവനകള്‍ക്കായി കുത്തകളെ ആശ്രയിക്കുന്നതായി വെളിപ്പെടുന്നത്‌. അത്‌ മാത്രമല്ല സംഭവാന നല്‍കിയവരുടെ പേര്‌ വെളിപ്പെടുത്താന്‍ പോലും സിപിഎം മടിക്കുന്നുവെന്നതാണ്‌ ഏറെ രസകരം.

2007 മുതല്‍ 2012 വരെയുള്ള അഞ്ചു വര്‍ഷം സിപിഎമ്മിന്‌ ലഭിച്ചത്‌ 335 കോടി രൂപയാണ്‌. ഇക്കാര്യത്തില്‍ മുന്നില്‍ രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ്‌ തന്നെ. കോണ്‍ഗ്രസ്‌(1662) ബിഎസ്പി (1226) ബിജെപി(852) എന്നിവരാണ്‌. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന, കോണ്‍ഗ്രസു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോകസഭാംഗങ്ങളുള്ള ബിജെപിക്ക്‌ സംഭാവന സ്വീകരിക്കുന്ന കാര്യത്തില്‍ രണ്ടാമതു പോലും എത്താനായില്ല. സമാജ്‌വാദി പാര്‍ട്ടി( 200)യാണ്‌ അഞ്ചാമത്‌. എന്‍സിപി(140) ആറാമതും. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ നല്‍കിയ സ്വത്തുവിവരങ്ങള്‍ ക്രോഡീകരിച്ചതാണീ കണക്ക്‌. ബൂര്‍ഷ്വാപാര്‍ട്ടികള്‍ക്ക്‌ ഇത്തരം സംഭാവനകള്‍ ലഭിക്കുന്നത്‌ സിപിഎമ്മിന്റെ സ്വാധീനം പോലും നശിപ്പിക്കുകയാണെന്ന്‌ അടുത്തിടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ആരോപിച്ചിരുന്നു.

എന്നാല്‍ കുത്തകളുടെ കയ്യില്‍ നിന്ന്‌ കോടികള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ കോണ്‍ഗ്രസും സിപിഎം ഒരു പോലെ തന്നെയാണെന്ന്‌ കണക്കുകള്‍ തെളിയിക്കുന്നു. സംഭാവന നല്‍കിയവരില്‍ 90 ശതമാനം പേരുടെയും വിശദാംശങ്ങള്‍ ഒരു പാര്‍ട്ടിയും വെളിപ്പെടുത്തിയിട്ടില്ല. ഫണ്ട്‌ നല്‍കിയ മുഴുവന്‍ സ്ഥാപനങ്ങളുടെയും പേരു വിവരങ്ങള്‍ മൂടിവച്ചിരിക്കുന്നത്‌ ബിഎസ്പിയാണ്‌. 2007 മുതല്‍ 2009 വരെ സംഭാവന നല്‍കിയവരില്‍ ഒരു ശതമാനം പേരുടെ വിവരങ്ങള്‍ മാത്രമാണ്‌ സിപിഎം വെളിപ്പെടുത്തിയിട്ടുള്ളത്‌. ബിജെപി 20 ശതമാനം പേരുടെയും കോണ്‍ഗ്രസ്‌ ആറു ശതമാനം പേരുടെയും വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്‌.

സോണിയയുടെ പാര്‍ട്ടിക്ക്‌ സംഭാവന നല്‍കുന്ന വന്‍കിടക്കാര്‍ തന്നെയാണ്‌ പ്രകാശ്‌ കാരാട്ടിന്റെ പാര്‍ട്ടിക്കും സംഭാവന നല്‍കുന്നത്‌. എന്തായാലും കോടികള്‍ ഇട്ട്‌ അമ്മാനമാടുന്ന സഖാക്കളുടെ വാചകമടി മുഴുവന്‍ ഈ കണക്കില്‍ പൊളിഞ്ഞിരിക്കുകയാണ്‌. പാവങ്ങളുടെ പാര്‍ട്ടിയെന്ന്‌ നാഴികയ്ക്കു നാല്‍പ്പതു വട്ടം കൊട്ടിപ്പാടുന്ന പാര്‍ട്ടിയാണ്‌ കേരളത്തില്‍ ഏറ്റവും വലിയ സമ്പന്ന പാര്‍ട്ടിയെന്നത്‌ ഒരു ആരോപണമേ അല്ല. പതിനായിരക്കണക്കിന്‌ കോടി രൂപയുടെ ആസ്തിയുണ്ട്‌ സിപിഎമ്മിന്‌. നേരത്തെ കത്തോലിക്കാ സഭയായിരുന്നു ഏറ്റവും കൂടുതല്‍ സ്വത്തുള്ള പ്രസ്ഥാനം. ഇപ്പോള്‍ അവരെയും കടത്തി വെട്ടി അധ്വാനിക്കുന്നവന്റെ പ്രസ്ഥാനം മുന്നോട്ടു കുതിക്കുന്നു.

ജര്‍മനിയില്‍ നിന്നും നാടു കടത്തപ്പെട്ട്‌ ലണ്ടണില്‍ അഭയം തേടിയ കാറല്‍ മാര്‍ക്സ്‌ കഷ്ടപ്പെട്ടും പട്ടിണി കിടന്നുമാണ്‌ പ്രത്യയശാസ്ത്രത്തിന്‌ രൂപം നല്‍കിയത്‌. തന്റെ നാല്‍പ്പതു വര്‍ഷത്തെ അധ്വാനമാണതെന്ന്‌ മാര്‍ക്സ്‌ തന്നെ അവകാശപ്പെട്ടിട്ടുണ്ട്‌. പഞ്ചനക്ഷത്ര സംസ്കാരം അദ്ദേഹത്തിന്‌ അന്യമായിരുന്നു. ആഢംബര കാറുകളും മണിസൗധങ്ങളും മാര്‍ക്സിന്‌ സ്വപ്നം കാണാന്‍ പോലും കഴിഞ്ഞില്ല. ലണ്ടണിലെ ഏറ്റവും ദുഷിച്ച, അതിനാല്‍ തന്നെ ഏറ്റവും വിലക്കുറവുള്ള ദരിദ്രരുടെ കോളനിയിലാണ്‌ അദ്ദേഹം ദീര്‍ഘകാലം താമസിച്ചിരുന്നത്‌. പക്ഷേ അദ്ദേഹത്തിന്റെ പേരിലുള്ള പ്രസ്ഥാനം കോടീശ്വരന്മാരുടെ ഉറ്റമിത്രവും പാവപ്പെട്ടവരുടെ ശത്രുവുമായി മാറാമോ ?

നേതാക്കള്‍ കേസില്‍ പെടുമ്പോള്‍ തടയാനും തടിമിടുക്കു കാട്ടാനും ആയിരങ്ങള്‍ ഒത്തു കൂടിയാല്‍ തെറ്റ്‌ ശരിയായി തീരുമോ ? ആളു കൂടിയാല്‍ ശരിയും കുറഞ്ഞാല്‍ ശരി തെറ്റുമാകുമോ ? മാര്‍ക്സാണ്‌ ശരി എന്നാണല്ലോ അവകാശപ്പെടുന്നത്‌. എന്നാല്‍ മാര്‍ക്സിന്റെ ശവസംസ്കാര ചടങ്ങില്‍ ലണ്ടണിലെ ഹൈഗേറ്റ്‌ സെമിത്തേരിയില്‍ പങ്കെടുത്തത്‌ വെറും പതിനൊന്നു പേരായിരുന്നു. മാര്‍ക്സ്‌ തെറ്റെന്ന്‌ ഇതു കൊണ്ട്‌ നിഗമനത്തിലെത്താമോ ?

2 comments:

[[::ധനകൃതി::]] said...

ശശിക്ക്‌ ഞരമ്പസുഖമുണ്ടെന്ന്‌ ബോധ്യമായത്‌ പാര്‍ട്ടിയില്‍ നിന്നുതന്നെ പരാതി ഉയര്‍ന്നപ്പോഴായിരുന്നല്ലൊ. പാര്‍ട്ടിതന്നെ കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ ചികിത്സാ സൗകര്യമൊരുക്കി. ആരോഗ്യശ്രീമാനായി ശശി തിരിച്ചെത്തിയെങ്കിലും പാര്‍ട്ടിയിലെ പണി തെറിച്ചു പോയി.

[[::ധനകൃതി::]] said...

നിങ്ങളുടെ വരികള്‍ ഇവിടെ കുറിക്കൂ‍ൂ‍ൂ......