Monday, August 9, 2010

പുലിയ്ക്ക്‌ പുള്ളി മായ്ക്കാനായാല്‍

ഭാരത- പാക്കിസ്ഥാന്‍ ചര്‍ച്ചയെക്കുറിച്ച്‌ പറയുമ്പോള്‍ പാക്കിസ്ഥാന്‌ ആയിരം നാവാണ്‌. എന്തു വിട്ടുവീഴ്ചചെയ്തും ഭാരതവുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ നാഴികയ്ക്ക്‌ നാല്‍പതുവട്ടം ആവര്‍ത്തിക്കും. ഇത്‌ ഇന്നലെയോ മിനിയാന്നോ തുടങ്ങിയതല്ല. സുല്‍ഫിക്കര്‍അലി ഭൂട്ടോവിന്റെ കാലത്തോളം പഴക്കമുണ്ടതിന്‌. റെയില്‍പാളത്തിന്റെ സ്ഥിതിയാണ്‌ ഈ ചര്‍ച്ചയ്ക്ക്‌. അവരണ്ടും കൂട്ടിമുട്ടി അവസാനിക്കുന്ന പ്രശ്നമില്ലല്ലോ. അതാണീ ചര്‍ച്ചയുടെ സ്ഥിതിയെന്ന്‌ ആര്‍ക്കും തോന്നിപോകുന്നതില്‍ തെറ്റില്ല. അതില്‍ പട്ടാളഭരണകൂടവും ജനാധിപത്യ ഭരണകൂടവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ആരുഭരിച്ചാലും രാജ്യം പാക്കിസ്ഥാനാണല്ലോ.

ഭാരതമാണെങ്കില്‍ ഇഴയാന്‍ പറഞ്ഞാല്‍ കുനിയുന്ന അവസ്ഥയിലാണ്‌. താണുതാണു പാതാളത്തോളം എത്തിയ അവസ്ഥ. അതിനു പറയുന്ന ന്യായീകരണം സമാധാനവും ശാന്തിയും നിലനില്‍ക്കണമെന്നാണ്‌. അതില്‍ തെറ്റൊനും പറയാന്‍ കഴിയില്ല. എന്നാല്‍ ഭൂമിദേവിയെക്കാള്‍ ക്ഷമിക്കണമെന്ന്‌ ആരും പറഞ്ഞിട്ടില്ല. പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ പരിഹസിച്ചാലും പുച്ഛിച്ചാലും തങ്ങള്‍ക്കത്‌ പ്രശ്മല്ലെന്ന നിലപാടാണുള്ളത്‌. ഇത്രയും താഴ്‌ന്നുപോകേണ്ട സ്ഥിതിയൊന്നുമില്ല. ഇത്‌ പറയാന്‍ കാരണം കഴിഞ്ഞമാസം സെക്രട്ടറി തലത്തിലും വിദേശകാര്യമന്ത്രിതലത്തിലും നടത്തിയ ചര്‍ച്ച പരിപൂര്‍ണ്ണ പരാജയമായിരുന്നിട്ടും രണ്ടുപേരും ആദ്യം അവകാശപ്പെട്ടത്‌ പൂര്‍ണ്ണവിജയമാണെന്നാണ്‌. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. എന്നിട്ടിപ്പോള്‍ ഭാരത വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്ണ പറയുന്നു തര്‍ക്കവിഷയങ്ങളായ കാശ്മീരും സിയാചിനും സാര്‍ക്രിക്കും ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും പാക്കിസ്ഥാനുമായി ചര്‍ച്ചചെയ്യാന്‍ സന്നദ്ധമാണെന്ന്‌. ഭാരതത്തിന്‌ ആരെയും പേടിയില്ലെന്നും വിശദീകരിക്കുന്നു.

എപ്പോഴെല്ലാം ചര്‍ച്ച നടക്കുന്നുവോ അന്നെല്ലാം കാശ്മീരെന്ന കല്ലില്‍തട്ടി ഉടയുകയാണ്‌ പതിവ്‌. ആ കല്ല്‌ അവിടെനിന്ന്‌ എടുത്തുമാറ്റാന്‍ അവര്‍ തയ്യാറാല്ല. അവര്‍ക്കും ഇക്കാര്യത്തില്‍ തികഞ്ഞ ബോധ്യമുണ്ട്‌; ഈ കല്ലിന്മേല്‍തട്ടി ചര്‍ച്ച ഉടയുമെന്ന്‌. ഭാരതം മുംബൈ ആക്രമണത്തിനുശേഷമാണല്ലോ ഭീകരവാദ വിഷയം ഉന്നയിക്കുന്നത്‌. തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും വളരാനുള്ള എല്ലാ സൗകര്യവും ഒരുക്കികൊടുക്കുന്ന രാജ്യം പാക്കിസ്ഥാനാണെന്ന്‌ പകല്‍പോലെ വ്യക്തമാണ്‌. മുംബൈ ഭീകരാക്രമണത്തില്‍ ആ രാജ്യം ഇന്നേവരെ ശക്തമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഷാ ഖുറേഷിയുടെയും ഗീലാനിയുടെയും വാക്കുകള്‍ മുഖവിലയ്ക്കെടുക്കുകയാണെങ്കില്‍ അതൊന്നും ഇപ്പോള്‍ നടക്കാന്‍ പോകുന്ന മട്ടുമല്ല. പിന്നെന്തിന്‌ സമയം കളയുന്നു എന്ന ചോദ്യം ഏറെ പ്രസക്തമാണ്‌. അവിടെയാണ്‌ പാക്‌ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ക്ക്‌ പ്രസക്തിയേറുന്നത്‌. ചര്‍ച്ച എന്ന പേരില്‍ നടക്കുന്ന വിനോദയാത്രക്കായി തനിക്ക്‌ ഭാരതത്തില്‍ പോകാന്‍ താല്‍പര്യമില്ലെന്ന്‌. ഇതില്‍ നിന്നുതന്നെ പാക്കിസ്ഥാന്റെ മനോഭാവം നമുക്ക്‌ മനസിലാക്കാം.

1 comment:

[[::ധനകൃതി::]] said...

പാക്കിസ്ഥാന്‍ ഭീകരാക്രമണം നിര്‍ത്താതെയും ഭീകരവാദികളെ സഹായിക്കുന്നതില്‍ നിന്ന്‌ പിന്മാറാതെയും ഇനിയൊരു ചര്‍ച്ചയുമില്ലെന്നാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ വ്യക്തമാക്കിയിരുന്നത്‌. ഇപ്പോള്‍ ആ നിലപാടില്‍ നിന്ന്‌ പിന്നോക്കം പോയ മട്ടിലാണ്‌. ഇക്കാര്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നതിനുശേഷം പാക്കിസ്ഥാനില്‍ നിന്നും അനുകൂലമായ യാതൊരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തില്‍ ചര്‍ച്ചയെന്ന 'മാമാങ്കത്തിന്‌' എന്തുകൊണ്ട്‌ വീണ്ടും തയ്യാറായി.

ചര്‍ച്ചയ്ക്കുവേണ്ട തയ്യാറെടുപ്പോടെയല്ല ഭാരത വിദേശകാര്യമന്ത്രി വന്നതെന്നുപോലും ഖുറേഷി പരസ്യമായി പ്രസ്താവിച്ചു. എന്നാല്‍ അതൊന്നും തങ്ങളെ ബാധിക്കുന്ന തരത്തിലല്ലെന്ന നിലപാടിലാണ്‌ ഭാരതത്തിലെ തലതൊട്ടപ്പന്‍മാര്‍. ആഭ്യന്തരകാര്യ സെക്രട്ടറിയും വിദേശകാര്യ മന്ത്രിയും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടെന്നുവരെ ചര്‍ച്ചയില്‍ തെളിഞ്ഞു. ഇക്കാര്യത്തിലും പാക്‌ നിലപാടിനൊപ്പമായിരുന്നു ഭാരതത്തില്‍ പലരും. ഈ ബുദ്ധിശൂന്യമായ അവസ്ഥയെക്കുറിച്ച്‌ എന്തുപറയാന്‍.