ഗുജറാത്തിന് ലോകഭൂപടത്തില്‍ സ്ഥാനം നല്‍കുക വഴി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തേയും ജനങ്ങളെയും അഭിമാനപുളകിതരാക്കിയിരിക്കുകയാണെന്ന് റിലയന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. പണ്ഡിറ്റ് ദീനദയാല്‍ പെട്രോളിയം സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങിലായിരുന്നു അംബാനി മോഡിയെ പ്രശംസിച്ചത്. ലോകം മുഴുവന്‍ ഗുജറാത്തിന്റെ മാതൃകയും നടത്തിപ്പും ശ്രദ്ധിക്കുകയാണെന്നും ഇതുപോലെ പ്രചോദനം പകരുന്ന നായകനെ കിട്ടിയ ഗുജറാത്ത് അനുഗ്രഹീതമാണെന്നും മോഡിയുടെ സാന്നിധ്യത്തില്‍ മുകേഷ് പറഞ്ഞു.
ഗുജറാത്ത് ഇന്ധനങ്ങളുടെ മേഖലയില്‍ കൂടുതല്‍ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉദ്ബോധിപ്പിച്ചു. ജോലികള്‍ ചെയ്യണമെങ്കില്‍ ഇന്ധനമാണ് ആദ്യമായി വേണ്ടത്. ഇക്കാര്യത്തില്‍ സാങ്കേതികത്വത്തിന് ഏറെ സഹായിക്കാനാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. 2030ഓടെ ലോകത്തിന് 17 ബില്ല്യണ്‍ ക്രൂഡോയിലിന് തുല്യമായ ഊര്‍ജ്ജഉപഭോഗമുണ്ടാവുമെന്നും അതില്‍ ലോകത്തിലെ മൂന്നിലൊന്നും ചെലവഴിക്കുന്നത് ഇന്ത്യയും ചൈനയുമാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോഴുള്ളതിനേക്കാള്‍ ആറ് മടങ്ങ് ഊര്‍ജം ലഭിക്കാന്‍ രാജ്യം ശ്രമിക്കേണ്ടതാണ്. ഇതിനായി സോളാര്‍, ജൈവഇന്ധനം, ഫ്യുവല്‍ സെല്ലുകള്‍ ഇവയിലേക്കും തിരിയാവുന്നതാണ്. ഗവേഷണത്തിനുള്ള ആധുനിക സൗകര്യങ്ങളെ പരാമര്‍ശിക്കവെ താന്‍ 25 വയസ്സ് കുറഞ്ഞ് വിദ്യാര്‍ത്ഥികളുടെ പ്രായമായിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തനിക്ക് അപ്രാപ്യമെന്ന് തോന്നിയ വസ്തുതകള്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യമാവുന്നുവെന്നും അദ്ദേഹം അറിയിച്ചു. ജാംനഗറിലെ വരണ്ട ഭൂമി ലോകത്തിന്റെ തലസ്ഥാനമാക്കാമെങ്കില്‍ ഗുജറാത്തിലെ ഒരു ഉറക്കം തൂങ്ങിയ ഗ്രാമം ഏഷ്യയിലെ വാഹനനിര്‍മ്മാണകേന്ദ്രമാവുമെങ്കില്‍ എന്തും ചെയ്യാനാകുമെന്നും താന്‍ കരുതുന്നു, മുകേഷ്തുടര്ന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന സര്‍ക്കാരുകള്‍ ഗുജറാത്തിലെയും ബിഹാറിലെയുമാണെന്ന് യു.എസ് കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ്. ഗുജറാത്തില്‍ മോഡി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ വേറിട്ടു നില്‍ക്കുന്നതാണെന്ന് ഇന്ത്യയെ കുറിച്ചുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മികച്ച സംസ്ഥാനമായി ബിഹാറിനെയാണ് തെരഞ്ഞെടുത്തതെങ്കിലും ഭരണ കാര്യത്തിലും വികസനത്തിലും നരേന്ദ്ര മോഡിയുടെ സര്‍ക്കാരിനെയാണ് റിപ്പോര്‍ട്ട് ഏറെ പ്രശംസിക്കുന്നത്.രാജ്യത്തിന്റെ വികസനത്തിനു മോഡി സര്‍ക്കാരിനു സുപ്രധാന പങ്കുവഹിക്കാനാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യു.എസ് ജനപ്രതിനിധികള്‍ക്കായാണു കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ്റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. 94 പേജുള്ള റിപ്പോര്‍ട്ടില്‍ ഗുജറാത്തിനെയും ബിഹാറിനെയും റിപ്പോര്‍ട്ട് വാനോളം പുകഴ്ത്തുകയാണ്. റോഡ് വികസനത്തിന്റെ കാര്യത്തിലും, ഊര്‍ജ്ജ-അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ മോഡി കൊണ്ടുവന്ന നിക്ഷേപങ്ങള്‍ ഗുജറാത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. മിറ്റ്സിബൂഷി, ജനറല്‍ മോട്ടോഴ്സ് തുടങ്ങിയ ആഗോള കമ്പനികളെ ഗുജറാത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ഇന്ത്യയുടെ കയറ്റുമതിയിലെ അഞ്ചിലൊന്ന് ഗുജറാത്തില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഊര്‍ജ മേഖലയിലെ വികസനവും വാര്‍ഷിക വളര്‍ച്ച 11 ശതമാനത്തിനു മുകളില്‍ നിലനിര്‍ത്താനായതും മോഡിയുടെ മോടി കൂട്ടുന്നു. രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമായ ബിഹാര്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ മാറ്റത്തിനു കുതിക്കുകയാണ്.ജാതി രാഷ്ട്രീയത്തിനു മുകളില്‍ വികസന വിജയം കൊണ്ടുവരാന്‍ അദ്ദേഹത്തിനായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ രംഗത്തും, അടിസ്ഥാന സൗകര്യ മേഖലയിലും നിതീഷിന്റെ ഭരണം മികച്ചതായിരുന്നു. മോഡിയുടെയും, നിതീഷിന്റെയും ഭരണം ഉത്തര്‍പ്രദേശില്‍ മായാവതി സര്‍ക്കാരിനെ സ്വാധീനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി പദം സ്വപ്നം കണ്ട് നടക്കുന്ന മായാവതിയെ മൂന്നാം മുന്നണിയുടെ നേതാവായാണ് വിലയിരുത്തപ്പെടുന്നതെന്നും പറയുന്നു.